നിലം എന്ന രേഖപ്പെടുത്തിയ സ്ഥലം 'പുരയിടം' ആക്കി മാറ്റി കിട്ടുമോ?

Kerala nelvayal thanneerthada niyamam, village office, btr,


1980 കളിൽ വാങ്ങിച്ച വസ്തുവാണ്.  അന്നും ഇപ്പോഴും അത് തെങ്ങ്, കമുക്, വാഴ, മറ്റു മരങ്ങൾ ഒക്കെയുള്ള പുരയിടമാണ്. പക്ഷേ, വില്ലേജ് ഓഫീസിലെ കരം തീരുവ രസീതിൽ അത് നിലം എന്നാണ് രേഖപ്പെടുത്തി വരുന്നത്. അതു പുരയിടം എന്നാക്കി കിട്ടാൻ എന്തു ചെയ്യണം.

      ഒത്തിരി ആൾക്കാർ നേരിടുന്ന പ്രശ്നമാണിത്.  കേരള നെൽവയൽ തണ്ണീർത്തട സംരക്ഷണനിയമത്തിന്റെ പരിധിയിൽ പ്പെടുന്നതാണ് ഇത്തരം വസ്തു. 2008 ഓഗസ്റ്റ് 12 നാണ് കേരള നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമം നടപ്പായത്. എന്നാൽ 1967 ലാണ് ഭൂവിനിയോഗ ഉത്തരവ് ലാൻഡ് യൂട്ടിലൈസേഷൻ ഓർഡർ നടപ്പിൽ വന്നത്.  ഭക്ഷ്യവിളകൾ കൃഷി ചെയ്തു പോരുന്ന ഭൂമിയുടെ ഉപയോഗം സംബന്ധിച്ച നിയന്ത്രണങ്ങൾ ഉൾക്കൊള്ളുന്നതാണ് ഈ നിയമം. 

         1980 കളിൽ വസ്തു വാങ്ങുന്ന സമയത്ത്, സ്ഥലത്ത് പ്രായമുള്ള തെങ്ങ്, കമുക് മുതലായ സ്ഥിരദേഹണ്ഡങ്ങൾ ഉണ്ടായിരുന്നു. മരങ്ങളുടെ പ്രായം കണക്കാക്കിയാൽ വളരെക്കാലം മുൻപ് പുരയിടമായി കിടക്കുന്ന സ്ഥലമാണെന്നു കാണാം. അതിനാൽ തണ്ണീർത്തട നിയമം 27 എ വകുപ്പനുസരിച്ച് സ്വഭാവ വ്യതിയാനം വരുത്തേണ്ടതില്ല. 

        തണ്ണീർത്തട നിയമം നടപ്പായ 2008 ഓഗസ്റ്റ് 12 ന് നിലമായിക്കിടന്ന സ്ഥലം പരിവർത്തനപ്പെടുത്തുകയോ രൂപാന്തരപ്പെടുത്തുകയോ ചെയ്യുന്നതിനാണ് നിലവിൽ വിലക്കുള്ളത്. 1967 ൽ ഭൂമിയുടെ ഉപയോഗം സംബന്ധിച്ച നിയന്ത്രണങ്ങൾ വരുമ്പോൾ തന്നെ സ്ഥിരദേഹണ്ഡങ്ങളുള്ള പുരയിടമാണ് മേൽപ്പറഞ്ഞത്. അതിനും വർഷങ്ങൾക്കു മുൻപ് നിലമായിരുന്നിരിക്കണം. അടിസ്ഥാന ഭൂനികുതി റജിസ്റ്ററിൽ (ബിറ്റിആർ) നിലം എന്നു കാണിച്ചുപോന്ന തിന് മാറ്റം വരുത്തിയിട്ടില്ല. ബിറ്റിആറിൽ പുരയിടമെന്ന് തിരുത്തിയാൽ മാത്രമേ കരത്തിന്റെ രസീതിലും മാറ്റം വരികയുള്ളൂ.

         ബിറ്റിആർ തിരുത്തുന്നത് അനുവദനീയ മല്ലെന്നാണ് സുപ്രീംകോടതിയുടെ നിലപാട്. പിന്നെ എന്താണ് മാർഗം? നമ്മുടെ ഹൈക്കോടതി അതിനൊരു പരിഹാരം നിർദേശിച്ചു. എപ്പോഴും പുതിയ അസസ്സ്മെന്റ് ആകാം. തഹസിൽദാർക്ക് അതിന് അധികാരമുണ്ട്.  

         കേരള ഭൂനികുതി നിയമം 6 എ വകുപ്പനുസരിച്ച് തഹസിൽദാർ ആണ് പുതിയ അസസ്സ്മെന്റ് നടത്തി ശരിയായ വിവരങ്ങൾ രേഖപ്പെടു ത്തേണ്ടത്. റീഅസസ്സ്മെന്റ് എന്നു പറഞ്ഞാൽ ഭൂമിയുടെ സ്വഭാവമാറ്റം കണക്കിലെടുത്തു പുതുതായി നികുതി നിർണയിക്കുകയെന്നാണ്. ഭൂനികുതി നിയമത്തിലെ (ലാൻഡ് ടാക്സ് ആക്റ്റ്) 6എ എന്ന വകുപ്പ് അനുസരിച്ചാണ് ബന്ധപ്പെട്ട തഹസിൽദാർക്ക് അപേക്ഷ കൊടുക്കേണ്ടത്.

            ഹൈക്കോടതി മുൻപാകെ വന്ന പല കേസുകളിലും ഈയൊരു പരിഹാരമാണ് നിർദേശിച്ചിട്ടുള്ളത്. 2020(4) കെഎൽറ്റി (നിയമ മാസികയിൽ) 448-ാം പേജിൽ റിപ്പോർട്ട് ചെയ്തിട്ടുള്ള കേസിൽ നികുതി ചുമത്താനുള്ള പുനഃപരിശോധനയെപ്പറ്റി പറഞ്ഞിട്ടുണ്ട്. അതുപോലെ പല കേസുകളിലും അതുകൊണ്ട് ഭൂനികുതി നിയമം 6എ വകുപ്പനുസരിച്ച് തഹസിൽദാർക്ക് അപേക്ഷ കൊടുക്കണം. പലപ്പോഴും ഈ കാര്യത്തിൽ ഹൈക്കോടതിയെ സമീപിക്കേണ്ടി വരും. അതുകൊണ്ട് ഒരു ഹൈക്കോടതി അഭിഭാഷകനുമായി ആലോചിച്ച് തുടർ നടപടിയെടുക്കുന്നതാണ് നല്ലത്.

Post a Comment

0 Comments