Kerala government employees may go on strike on January 24

Kerala government employees may go on strike on January 24


കേരളാ സർക്കാർ ജീവനക്കാർ ജനുവരി 24ന് പണിമുടക്കിയേക്കും...

 

    തിരുവനന്തപുരം∙ കേരളാ സർക്കാർ ജീവനക്കാർ ബുധനാഴ്ച (ജനുവരി 24 ന് ) പണിമുടക്കും. പ്രതിപക്ഷ സർവീസ് സംഘടനകളുടെ നേതൃത്വത്തിലാണ് പണിമുടക്ക്. സെക്രട്ടേറിയറ്റ് ജീവനക്കാരും നിർദിഷ്ട പണിമുടക്കിൽ പങ്കെടുക്കുമെന്ന് സെക്രട്ടേറിയറ്റിലെ കോൺഗ്രസ് അനുകൂല സംഘടനകളുടെ കൂട്ടായ്മയായ സെക്രട്ടേറിയറ്റ് ആക്‌ഷൻ കൗൺസിൽ പറഞ്ഞു.

       അനുവദിക്കാത്ത 6 ഗഡു അതായത് (18%) ഡിഎ അനുവദിക്കുക, ലീവ് സറണ്ടർ മുൻകാല പ്രാബല്യത്തോടെ പുനഃസ്ഥാപിക്കുക, ശമ്പള പരിഷ്ക്കരണ കുടിശിക അനുവദിക്കുക, പങ്കാളിത്ത പെൻഷൻ പിൻവലിച്ച് എല്ലാവർക്കും സ്റ്റാറ്റ്യൂട്ടറി പെൻഷൻ പുനഃസ്ഥാപിക്കുക, മെഡിസെപ് ആരോഗ്യ ഇൻഷുറൻസിലെ അപാകതകൾ പരിഹരിക്കുക, വിലക്കയറ്റം തടയുക, പന്ത്രണ്ടാം ശമ്പള കമ്മിഷനെ നിയമിക്കുക, സെക്രട്ടേറിയറ്റ് സർവീസ് സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് പണിമുടക്കുന്നതിനുള്ള കാരണങ്ങൾ.

 

      കഴിഞ്ഞ 3 വർഷക്കാലമായി സർക്കാർ ജീവനക്കാർക്ക് നയാ പൈസയുടെ ആനുകൂല്യം എൽഡിഎഫ് സർക്കാർ അനുവദിച്ചിട്ടില്ലെന്നു സെക്രട്ടേറിയറ്റ് ആക്‌ഷൻ കൗൺസിൽ നേതാക്കൾ പറഞ്ഞു. മൂന്നു വർഷത്തോളമായി ജീവനക്കാർക്ക് ഡിഎ അനുവദിച്ചിട്ട്. ലീവ് സറണ്ടർ പിൻവലിച്ച വകയിൽ, നാലു മാസത്തെ ശമ്പളത്തിന് തുല്യമായ ലീവ് സറണ്ടർ തുക ജീവനക്കാർക്ക് നഷ്ടപ്പെട്ടു. ഇപ്പോഴത്തെ മെഡിസെപ് പദ്ധതിയിൽ ജീവനക്കാർക്കോ പെൻഷൻകാർക്കോ യാതൊരു പ്രയോജനവും ലഭിക്കുന്നില്ല.

 

    പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കുമെന്ന് തെരഞ്ഞെടുപ്പ് വാഗ്ദാനം നൽകിയവർ അധികാരത്തിൽ വന്നപ്പോൾ അക്കാര്യം പാടെ മറന്ന മട്ടാണ്. ജീവനക്കാർക്ക് പണിമുടക്കുകയല്ലാതെ മറ്റു മാർഗങ്ങളില്ലാ തായെന്ന് സെക്രട്ടേറിയറ്റ് ആക്‌ഷൻ കൗൺസിൽ കൺവീനർ എം.എസ്.ഇർഷാദ് പറഞ്ഞു.

Post a Comment

0 Comments