Stroke or Brain Attack മസ്തിഷ്കാഘാതം കാരണവും ചികിത്സയും

Stroke or Brain Attack മസ്തിഷ്കാഘാതം കാരണവും ചികിത്സയും


ഇന്നിപ്പോൾ സർവസാധാരണം എന്ന് പറയാം സ്ട്രോക് അഥവാ മസ്തിഷ്കാഘാതം. കാരണം ഇപ്പോൾ മസ്തിഷ്കാഘാതം പ്രായയഭേദമെന്യേ കൊണ്ടുവരുന്നു. ഇനി എന്താണ് സ്ട്രോക്?
      മസ്തിഷ്കത്തിലേക്കുള്ള രക്തധമനികളിൽ ബ്ലോക്ക് വരുന്നതുമൂലമോ അല്ലെങ്കിൽ രക്തധമനികൾ പൊട്ടുന്നതു മൂലമോ ഉണ്ടാകുന്ന രോഗാവസ്ഥാണ് സ്ട്രോക്ക് (Stroke) അഥവാ ബ്രയിൻ അറ്റാക്ക് (Brain Attack).
ലോകത്ത് ഏകദേശം ഒരു ലക്ഷം ആളുകളിൽ 100 മുതൽ 150 വരെ ആളുകൾക്ക് സ്ട്രോക്ക് ഉണ്ടാകുന്നതായി പഠനങ്ങളിൽ കാണുന്നു. രണ്ടുതരം സ്ട്രോക്കാണ് ഉള്ളത്.     തലച്ചോറിലേക്കുള്ള രക്തധമനികളിൽ രക്തം കട്ടപിടിക്കുന്നതുമൂലമുണ്ടാകുന്ന സ്ട്രോക്കാണ് ഇസ്കീമിക് മസ്തിഷ്കാഘാതം (Ischaemic Stroke) എന്നു പറയുന്നത്. രക്തധമനികൾ പൊട്ടുന്നത് മൂലമുണ്ടാകുന്ന മസ്തിഷ്കാഘാതത്തെ മസ്തിഷ്കത്തിലെ രക്തസ്രാവം (Haemorrhagic Stroke) എന്നാണ് പറയുന്നത്. എന്നാൽ 85 ശതമാനവും രക്തധമനികൾ അടയുന്നതുമൂലമാണ് ഉണ്ടാക്കുന്നതെങ്കിൽ (ഇസ്കീമിക് മസ്തിഷ്കാഘാതം) 15 ശതമാനം സ്ട്രോക്കുകൾ രക്തകുഴൽ പൊട്ടുന്നത് (മസ്തിഷ്കത്തിലെ രക്തസ്രാവം) മൂലമാണ് ഉണ്ടാകുന്നത്.
      പ്രായം 65 വയസ്സിന് മുകളിൽ രക്താതിമർദ്ദം, പ്രമേഹം, ഹൃദയസംബന്ധമായ രോഗങ്ങൾ, അമിതമായ കൊളസ്ട്രോൾ, വ്യായാമമില്ലായ്മ, പുകവലി, അമിത മദ്യപാനം എന്നിവ സ്ട്രോക്കിന്റെ കാരണങ്ങൾ ആണ്. കൂടാതെ രക്തധമനികളെ ബാധിക്കുന്ന ജന്മനായുള്ള മറ്റ് അസുഖങ്ങളും സ്ട്രോക്കിന് കാരണമാവാം.
     ഹൃദയാഘാതം കഴിഞ്ഞാൽ ലോകത്ത ഏറ്റവും അധികം ആളുകൾ മരണപ്പെടുന്നത് മസ്തിഷ്ഘാതം മൂലമാണ്. 65 വയസ്സിന് മുകളിൽ പ്രായമുള്ളവർ, പ്രമേഹരോഗികൾ, രക്താതിമർദ്ദമുള്ളവർ, പുകവലി, അമിത മദ്യപാനം, വ്യായമമില്ലായ്മ, അമിതമായ കൊളസ്ട്രോൾ, ഹൃദ്രോഗങ്ങൾ, പാരമ്പര്യം, മുമ്പ് സ്ട്രോക്ക് വന്നവർ, രക്തധമനികളിലെ ജന്മനായുള്ള കേടുപാടുകൾ ഉള്ളവർ എന്നിവരിൽ ആണ് സ്ട്രോക്ക് കൂടുതലായി കണ്ടുവരുന്നത്. കൂടാതെ ക്രമം തെറ്റിയുള്ള ഹൃദയമിടിപ്പ്, കരോട്ടിഡ് ധമനികളിലെ ചുരുക്കം, ഹൃദയ വാൽവുകൾ സംബന്ധിച്ചുള്ള രോഗങ്ങൾ, മസ്തിഷ്ക്കധമനി വീക്കം (Aneurysm) പോലുള്ള രക്തകുഴൽ ഘടനാവൈകല്യങ്ങൾ, രക്തം കട്ടപിടിക്കാനുള്ള അമിത പ്രവണത തുടങ്ങിയവയും മസ്തിഷ്കാഘാതത്തിന് കാരണമാകും. മസ്തിഷ്കാഘാത മരണങ്ങളിൽ 60 ശതമാനവും 70 വയസ്സിന് മുകളിൽ പ്രായമുള്ളവരിലാണ് സംഭവിക്കുന്നത്. 40 വയസ്സിന് താഴെയുള്ളവരിൽ ഉണ്ടാകുന്ന സ്ട്രോക്കിനെ യുവാക്കളിലെ മസ്തിഷ്കാഘാതം (Stroke in the Young) എന്ന് പറയുന്നു.

'ഉണ്ടായത് സ്ട്രോക്ക് ആണ്' എന്നെങ്ങനെ തിരിച്ചറിയാം?

 
   ഒരു ഭാഗം പെട്ടെന്ന് കുഴഞ്ഞു പോവുക, സംസാരശേഷി നഷ്ടപ്പെടുക, മുഖം ഒരു വശത്തേക്ക് കോടി പോകുക, ശരീരത്തിന്റെ ബാലൻസ് നഷ്ടപ്പെടുക, കാഴ്ച മങ്ങുക അല്ലെങ്കിൽ കേൾവി നഷ്ടപ്പെടുക തുടങ്ങിയവയെല്ലാം തന്നെ സ്ട്രോക്കിന്റെ ലക്ഷണങ്ങൾ ആകാം.

സട്രോക്ക് ലക്ഷണങ്ങൾ കണ്ടാൽ ഒട്ടും സമയം പാഴാക്കതെ ചികിത്സ തേടണം എന്നു പറയുന്നതിലെ യുക്തി എന്താണ്?

സട്രോക്ക് പ്രതിരോധത്തിൽ ഏറ്റവും പ്രധാനപ്പെട്ടത് സമയമാണ്. നഷ്ടപെട്ട സമയം നമുക്ക് തിരിച്ചു പിടിക്കാൻ സാധ്യമല്ലല്ലോ. അല്ലെങ്കിൽ നഷ്ടപ്പെടുന്ന ഒരോ നിമിഷവും തിരിച്ചുപിടിക്കാൻ കഴിഞ്ഞാൽ നമുക്ക് രക്ഷിക്കാൻ കഴിയുന്നത് ഒരു ജീവനാണ്. സ്ട്രോക്കിന്റെ ലക്ഷണങ്ങൾ നമ്മൾ തിരിച്ചറിയാൻ വൈകുന്നതാണ് പലപ്പോഴും ചികിത്സ വൈകിപ്പിക്കുന്നത്.
നാം പാഴാക്കുന്ന ഒരോ മിനിറ്റിലും തലച്ചോറിലെ ഒരു ദശലക്ഷം കോശങ്ങളാണ് നശിച്ചുകൊണ്ടിരിക്കുന്നത്. സ്ട്രോക്ക് ചികിത്സയിൽ ഓരോ മിനിറ്റും പ്രധാനപ്പെട്ടതാണ്. സ്ട്രോക്കിന്റെ ലക്ഷണങ്ങൾ തിരിച്ചറിയുകയും ഉടനടി വൈദ്യസഹായം തേടുകയും ചെയ്താൽ രോഗംമൂലമുള്ള മരണനിരക്കു കുറയ്ക്കുവാനും രോഗാതുരത, വൈകല്യം എന്നിവ ഒഴിവാക്കുവാനും കഴിയും.

ഏത് തരം ആശുപത്രികളിലാണ്  സ്ട്രോക്ക് വന്നവരെ പ്രവേശിപ്പിക്കേണ്ടത്?

സ്ട്രോക്ക് ഉണ്ടായികഴിഞ്ഞാൽ സ്ട്രോക്ക് റെഡി ആശുപത്രിയിൽ (Stroke Ready Hospitals) എത്തിക്കേണ്ടത് അത്യാവശ്യമാണ്. നാലര മണിക്കൂറിനുള്ളിൽ തലച്ചോറിലെ രക്തക്കട്ട അലിയിക്കുന്നതിനുള്ള ചികിത്സയെ ത്രോംബോലൈറ്റിക്ക് ചികിത്സ (Thrombolytic) എന്നും ആറ് മണിക്കൂറിനുള്ളിൽ വലിയ ധമനികളിലെ തടസം നീക്കുന്നതിന് മെക്കാനിക്കൽ ത്രോംബെക്ടമി (Mecahnical Thrombectomy) എന്ന ചികിത്സയും ഇന്ന് ലഭ്യമാണ്. പക്ഷെ, അടിയന്തിര സ്ട്രോക്ക് ചികിത്സക്കു വേണ്ട സജ്ജീകരണങ്ങളുള്ള ആശുപത്രിയിൽ മാത്രമെ ഇവ ലഭ്യമാകൂ.
     സി.ടി. സ്കാൻ (CT Scan) വഴി രക്തം കട്ടപിടിക്കുന്ന സ്ട്രോക്കും രക്തസ്രാവവും മിനിട്ടുകൾക്കുള്ളിൽ തിരിച്ചറിയാം. സി.ടി. പെർഫ്യൂഷൻ (C.T. Perfusion), സി.ടി. ആൻജിയോഗ്രാം (C.T. Angiogram) എന്നിവ സ്ട്രോക്ക് രോഗനിർണയത്തെ കൂടുതൽ ഫലവത്താക്കാൻ സഹായിക്കും. Mechanical Thrombectomy തുടങ്ങിയ നൂതന ചികിത്സരീതികൾക്ക് പ്രത്യേക പരിശീലനം ആവശ്യമുണ്ട്.

സ്ട്രോക്ക് ചികിത്സയിൽ ഉണ്ടായിട്ടുള്ള അതി നൂതനമായ രീതികൾ എന്തെല്ലാം ?

സ്ട്രോക്ക് രോഗനിർണയത്തിൽ പുതിയ സ്കാനുകൾ (CT Perfusion, MRI Perfusion) എന്നിവ രോഗ നിർണ്ണയത്തെ കൂടുതൽ കൃത്യമാക്കും; സ്ട്രോക്കുണ്ടായ സമയം അറിയാതെയുള്ള രോഗികളിൽ ത്രോംബോലൈസിസ്, മെക്കാനിക്കൽ ത്രോംബെക്ടമി എന്നീ ചികിത്സകൾ നൽകുന്നതിനു സഹായിക്കും. ഒരു തവണ സ്ട്രോക്ക് വന്ന രോഗികൾക്ക് വീണ്ടും വരാതിരിക്കുന്നതിന് വേണ്ട മരുന്നുകൾ ജീവിതകാലം മുഴുവൻ കഴിക്കേണ്ടതാണ്.
കൂടാതെ പ്രമേഹം, അമിതമായ കൊളസ്ട്രോൾ, രക്താതിമർദ്ദം എന്നിവ കൃത്യമായി നിയന്ത്രിക്കുകയും വേണം. സ്ട്രോക്ക് രോഗികളുടെ പുനരധിവാസത്തിനുവേണ്ട ഫിസിയോ തെറാപ്പി, ഒക്യുപേഷണൽ തെറാപ്പി, പേശികളിലെ വലിവ് കുറയ്ക്കുന്നതിനു വേണ്ട BOTOX ഇഞ്ചക്ഷൻ എന്നിവ സ്ട്രോക്ക് രോഗികളിലെ വൈകല്യങ്ങൾ കുറയ്ക്കുന്നതിന് വളരെ സഹായകരമാണ്.

Post a Comment

0 Comments