സ്വർണ്ണത്തിന് വില കൂടുമ്പോൾ പഴയത് വിറ്റ് പുതിയത് വാങ്ങാം

    

സ്വർണം,  Finance, gold rate,


സ്വർണ്ണത്തിന് വില കൂടുമ്പോൾ പഴയത് വിറ്റ് പുതിയത് വാങ്ങാം; എന്നാൽ വിൽക്കുമ്പോഴും വാങ്ങുമ്പോഴും എത്ര രൂപ ടാക്സ് കൊടുക്കണം???

      ആഭരണമായി ഉപയോഗത്തിനും അല്ലെങ്കിൽ നിക്ഷേപം എന്ന നിലയിലുമാണ് മലയാളികൾ സ്വർണം വാങ്ങിവെയ്ക്കുന്നത്.

     പണത്തിന് പെട്ടന്നൊരാവശ്യം വന്നാൽ പണയപ്പെടുത്തി എളുപ്പത്തിൽ പൈസയാക്കാം എന്നൊരു വഴി കൂടിയുള്ളതിനാൽ സ്വർണം ഇപ്പോഴും എപ്പോഴും ഏറ്റവും ജനപ്രിയ ലോഹമായി തുടരുന്നത്. സമീപകാല നിലവാരം നോക്കിയാൽ സ്വർണ വില ഉയർന്നിരിക്കുകയാണ്.   ചെറിയ ചാ‍ഞ്ചാട്ടം കാണിച്ചുകൊണ്ടിരുന്ന സ്വർണ വില ശനിയാഴ്ചയാണ് വർദ്ധനവ് രേഖപ്പെടുത്തിയത്.  ഇപ്പോൾ കേരളത്തിൽ സ്വര്‍ണ വില, ഗ്രാമിന് 25 രൂപ വര്‍ധിച്ച് 5535 രൂപയും പവന് 200 രൂപ വര്‍ധിച്ച് 44,280 രൂപയിലും എത്തിനിൽക്കുന്നു.

     വാങ്ങാൻ ആലോചിക്കുമ്പോൾ സ്വർണ്ണ വിലയുടെ ട്രെൻഡ് പരിശോധിക്കുന്നവരാണ് ഭൂരിഭാഗം മലയാളികളും. ഓരോ ദിവസവും സ്വർണ വില എത്ര ഉയരത്തിലെത്തി എന്നറിയാനുള്ള ആകാംഷ സ്വർണവുമായി ബന്ധപ്പെട്ട മറ്റു ക്രയവിക്രയങ്ങളിലും ഉണ്ടാകണം. അതിൽ അതിപ്രധാനമാണ് നികുതികൾ. സ്വർണം വിൽക്കുമ്പോഴും വാങ്ങുമ്പോഴുമുള്ള നികുതി ഘടന എങ്ങനെ എന്നറിയാം. 

നികുതി: സ്വർണം വാങ്ങുമ്പോൾ 

       പരോക്ഷ നികുതിയാണ് സ്വർണം വാങ്ങുമ്പോൾ ബാധകമാകുന്നത്. അത് സ്വർണ്ണത്തിന്റെ ആകൃതി മറ്റ് സേവനത്തെയും ആശ്രയിച്ച് വ്യത്യാസപ്പെടും. കാരണം, സ്വർണ്ണ ബാറുകൾ, നാണയങ്ങൾ, ആഭരണങ്ങൾ തുടങ്ങിയവക്ക് വാങ്ങുമ്പോൾ 3 % ചരക്ക് സേവന നികുതി നൽകണം. ജൂവല്ലറി, പണിക്കൂലി സേവനങ്ങൾക്ക് ചരക്ക് സേവന നികുതി നിരക്ക് 5 % ആണ്.

       വിദേശത്ത് നിന്ന് സ്വർണം ഇറക്കുമതി ചെയ്യാൻ ഉദ്ദേശിക്കുന്നവരെ സംബന്ധിച്ചിടത്തോളം കസ്റ്റംസ് ഡ്യൂട്ടി, കാർഷിക അടിസ്ഥാന സൗകര്യ വികസന സെസ്, വിജ്ഞാപനം ചെയ്ത നിരക്കിലുള്ള ചരക്ക് സേവന നികുതി എന്നിവ നൽകാൻ ബാധ്യസ്ഥരാണ്. എന്നാൽ, സ്വർണം വാങ്ങുന്നതിന് നേരിട്ട് കൊടുക്കേണ്ടതില്ല. 

നികുതി: സ്വർണം വിൽക്കുമ്പോൾ 

     മൂലധന നേട്ട നികുതി സ്വർണം വിൽക്കുമ്പോൾ ബാധകമാകും. ഇത് കാലാവധി അനുസരിച്ച് പുതുക്കി നിശ്ചയിക്കും.  സ്വർണം കൈവശം വെച്ച് 3 വർഷത്തിന് ശേഷം വിൽപന നടത്തുമ്പോൾ ദീർഘകാല മൂലധന നേട്ടം കണക്കാക്കി നികുതി ഈടാക്കും. ഇൻഡെക്സേഷൻ ആനുകൂല്യത്തോടെ 20 % നികുതിയാണ് നൽകേണ്ടി വരിക. മൂന്നുവർഷത്തിനുള്ളിലാണ് ആഭരണം വാങ്ങി വിൽപ്പന നടക്കുന്നതെങ്കിൽ ഹ്രസ്വകാല മൂലധന നേട്ടമായി കണക്കാക്കും. അപ്പോൾ വരുമാനത്തിന് ബാധകമായ നിരക്കിലാണ് നികുതിദായകൻ നികുതി നൽകേണ്ടത്. 

ആദായ നികുതി റിട്ടേണും സ്വർണ്ണത്തിന്റെ ക്രയവിക്രയവും

       സ്വർണം  വാങ്ങുമ്പോൾ നമ്മൾ നൽകുന്ന പാൻ വിശദാംശങ്ങളിലൂടെയാണ് സ്വർണ ഇടപാടുകളുടെ നിജസ്ഥിതി ആദായ നികുതി വകുപ്പ് അധികൃതർക്ക് ലഭ്യമാവുക. അതിനാൽ സ്വർണ്ണം വലിയ അളവിൽ വാങ്ങുന്നവർ ഇക്കാര്യം മനസ്സിൽ ഓർക്കേണ്ടതാണ്. നികുതിദായകന്റെ ഒരു വർഷത്തെ മൊത്തം വരുമാനം 50 ലക്ഷം രൂപയിൽ കൂടുതലാണെങ്കിൽ ആദായനികുതി റിട്ടേൺ ഫയൽ ചെയ്യുമ്പോൾ തന്റെ കൈവശം സൂക്ഷിച്ചിരിക്കുന്ന ഗാർഹിക ആസ്തിയുടെ ഭാഗമായി സ്വർണ്ണത്തിന്റെ അളവ് വെളിപ്പെടുത്തേണ്ടതുമുണ്ട്. 


വരുമാന സ്രോതസ് വെളിപ്പെടുത്താതെ എത്രമാത്രം സ്വർണം സൂക്ഷിക്കാം

      സ്വർണം വളരെ കൂടുതലായി വാങ്ങി സൂക്ഷിക്കുന്നവർ, ആദായ നികുതി പരിശോധന വന്നാൽ വരുമാന സ്രോതസ് വെളിപ്പെടുത്താൻ തയ്യാറായിരിക്കേണ്ടതാണ്. സ്വർണം വാങ്ങിയ വരുമാന സ്രോതസ് വെളിപ്പെടുത്താൻ പ്രയാസം ഒന്നും ഇല്ലെങ്കിൽ വീട്ടിൽ സൂക്ഷിക്കുന്ന സ്വർണത്തിന് പരിധിയൊന്നും നിശ്ചയിച്ചിട്ടില്ല. എന്നാൽ നേരെ മറിച്ച്, വരുമാന സ്രോതസ് കാണിക്കാതെ വീട്ടിൽ സൂക്ഷിക്കാവുന്ന സ്വർണാഭരണങ്ങളുടെ തൂക്കം പരമാവധി 850 ​ഗ്രാമാണ് എന്നോർക്കുക. ഇത് ഒരു വ്യക്തിക്ക് സൂക്ഷിക്കാവുന്ന അളവല്ല, മറിച്ച് ഒരു വീട്ടിൽ സൂക്ഷിക്കാവുന്ന അളവാണ്.

       സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്‌സസ് (CBDT) പറയുന്നതനുസരിച്ച്, ഓരോ വിഭാഗക്കാർക്കും അതായത്, അവിവാഹിതരായ സത്രീകള്‍, വിവാഹിതരായ സ്ത്രീകള്‍,  പുരുഷന്മാര്‍ എന്നിങ്ങനെ ഓരോരുത്തർക്കും വ്യത്യസ്ത അളവുകളാണ് രേഖകളില്ലാതെ സ്വർണം സൂക്ഷിക്കാൻ നിജപ്പെടുത്തിയിട്ടുള്ളത്. വിവാഹിതയായ ഒരു സ്ത്രീക്ക് 500 ​ഗ്രാം (½ KG ) വീട്ടിൽ രേഖകളില്ലാതെ നിയമപരമായി സൂക്ഷിക്കാം. ഒരു അവിവാഹിതയായ സ്ത്രീക്ക് 250 ​ഗ്രാമും ഒരു പുരുഷന് 100 ​ഗ്രാം സ്വർണവും വീട്ടിൽ ഇപ്രകാരം സൂക്ഷിക്കാം.   

Post a Comment

0 Comments